താനെ: പോത്തിന്റെ ജന്മദിനം ആഘോഷമാക്കിയ യുവാവിനെതിരെ കേസ്. കൊവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് പോത്തിന്റെ ജന്മദിനം ആളെ വിളിച്ചുകൂട്ടി കൊണ്ടാടിയതിനാണ് യുവാവിന് എതിരെ കേസ് എടുത്തത്. മഹാരാഷ്ട്ര താനെ സ്വദേശി 30കാരനായ കിരണ്‍ മാത്രെയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
തന്റെ പോത്തിന്റെ ജന്മദിനത്തില് നാട്ടുകാരെ വിളിച്ചുകൂട്ടി ആഘോഷം സംഘടിപ്പിക്കുകയായിരുന്നു കിരണ്‍. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പോത്തിന്റെ ജന്മദിനം കിരണ്‍ ആഘോഷിച്ചത്. ജന്മദിനാഘോഷത്തില് പങ്കെടുത്തവരാരും മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ല. സംഭവം ശ്രദ്ധയില്‍പെട്ട പോലീസ് പിന്നാലെ കിരണിനെതിരെ കേസെടുക്കുകയായിരുന്നു.
പകര്‍ച്ച വ്യാധി വ്യാപനത്തിന് കാരണമാകുന്ന പരിപാടി നടത്തുന്നതിനെതിരെ ക്രിമിനല്‍ നിയമം 269-ാം വകുപ്പു പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. മഹാരാഷ്ട്രയില്‍ കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചിലയിടങ്ങളില്‍ നിയന്ത്രണം കടുപ്പിച്ചിരുന്നു. താനെയിലും സമാന സ്ഥിതി നിലനില്‍ക്കെയാണ് യുവാവ് പരിപാടി നടത്തിയത്.
അതിനിടെ രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം ഉയരുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 24,882 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 140 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 24,882 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,13,33,728 ആയി ഉയര്‍ന്നു.
ഇതില്‍ 10973260 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ആകെ 158446 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. 202022 പേരാണ് രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 28218457 ഡോസ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തത്.