ചെന്നൈ : മകന് കാരണം ദോഷമുണ്ടാകുമെന്ന് ജോത്സ്യന്റെ വാക്ക് കേട്ട് പിതാവ് അഞ്ചു വയസുകാരനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. തമിഴ്നാട്ടിലാണ് സംഭവം. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി (29)യുടെ മകന് സായ് ശരണാണ് മരിച്ചത്.
സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ രാംകിയെ പോലീസ് അറസ്റ്റു ചെയ്തു.ജ്യോതിഷത്തില്‍ വിശ്വസിച്ചിരുന്ന രാംകി പതിവായി ജോത്സ്യരെ കണ്ടിരുന്നു. മൂത്ത മകനായ സായ് ശരണിനാല്‍ കാരണം ദോഷമുണ്ടാകുമെന്ന് അടുത്തിടെ ഒരു ജോത്സ്യന് രാംകിയോട് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പലപ്പോഴായി രാംകി മകനെ ഉപദ്രവിച്ചിരുന്നു.
പിന്നാലെയാണ് ഇയാള്‍ സ്വന്തം മകനെ തീ കൊളുത്തി കൊലപ്പെടുത്തിയത്. ആറു വര്‍ഷം മുമ്പ് വിവാഹിതനായ ഇയാള്‍ക്ക് രണ്ട് ആണ്മക്കളാണ്. മകന് കാരണം ദോഷമുണ്ടാകുമെന്ന് പറഞ്ഞ് ഭാര്യ ഗായത്രിയോട് രാംകി വഴക്കിടുന്നത് പതിവായിരുന്നു.
അഞ്ചു ദിവസം മുമ്പ് ഇരുവരും വീണ്ടും വഴക്കിട്ടപ്പോള്‍ രാംകി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്ത് മകന്റെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സായ് ശരണിനെ ഗായത്രിയും അയല്‍ക്കാരും ചേര്‍ന്ന് തഞ്ചാവൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 90 ശതമാനം പൊള്ളലേറ്റ കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
അറസ്റ്റിലായ രാംകിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മന്നാര്‍ഗുഡി ജയിലിലടച്ചു.