ചെന്നൈ : പഞ്ചായത്തംഗത്തിന്റെ അറുത്തെടുത്ത തലയുമായി ബൈക്ക് യാത്ര നടത്തി അക്രമികള്‍. തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലാണ് നാടിനെ ഒന്നടങ്കം നടുക്കുന്ന സംഭവം. അലങ്കാട് ഗ്രാമ പഞ്ചായത്ത് അംഗമായ രാജേഷ് ആണ് കൊല്ലപ്പെട്ടത്.
മുപ്പത്തിനാല് വയസ്സായിരുന്നു. അക്രമികള്‍ ബൈക്കില്‍ പോകുന്നതിനിടയില്‍ അറുത്തെടുത്ത തല നടുറോഡില്‍ വീണതോടെയാണ് ഞെട്ടിയ്ക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. തിരുവാരൂര്‍ ജില്ലയിലെ മുത്തുപ്പേട്ടൈക്കു സമീപത്തെ അലങ്കാനാട് റോഡിലൂടെ രാവിലെ പോയവരാണ് ഈ നടുക്കുന്ന കാഴ്ച കണ്ടത്.
അറുത്തെടുത്ത ചോര ഇറ്റ് വീഴുന്ന മനുഷ്യന്റെ തല നടുറോഡില്‍ കിടക്കുന്നു. ഇരുചക്രവാഹനത്തില്‍ പോയവരില്‍ നിന്ന് താഴെ വീണതാണ് തലയെന്നറിഞ്ഞപ്പോള്‍ അവരുടെയെല്ലാം ഞെട്ടല്‍ വീണ്ടും കൂടി. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് രാജേഷാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് നടന്ന തിരച്ചിലില്‍ സമീപത്തെ കയര്‍ ഫാക്ടറിയില്‍ നിന്ന് രാജേഷിന്റെ തലയില്ലാത്ത മൃതദേഹവും കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.