ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡല്‍ഹിയില്‍ എത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം. പൗരത്വ നിമത്തിനെതിരെ പ്രതിഷേധിക്കുന്നവും അനുകൂലിക്കുന്നവരും വീണ്ടും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് കൊല്ലപ്പെട്ടതായും മറ്റൊരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായ പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഡല്‍ഹിയിലെ ഭജന്‍പുര, മൗജ്പുര്, ജാഫറാബാദ് തുടങ്ങിയ മേഖലകളിലാണ് തിങ്കളാഴ്ച വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അക്രമികള്‍ വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചതായും പോലീസിന് നേരേ വെടിയുതിര്‍ത്തെന്നുമാണ് റിപ്പോര്‍ട്ട്. അക്രമികളില്‍ ഒരാള്‍ പോലീസിന് നേരേ വെടിയുതിര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ എട്ട് റൗണ്ട് വെടിയുതിര്‍ത്തെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.
മൗജ്പുരിലും ജാഫറാബാദിലും ഭജന്പുരയിലും അനുകൂലിക്കുന്നവരും പ്രതിഷേധിക്കുന്നവരും തമ്മില്‍ കല്ലേറുണ്ടായി. ജാഫറാബാദിലും മൗജ്പുരിലും അക്രമികള്‍ രണ്ട് വീടുകള്‍ക്കും അഗ്നിരക്ഷാ സേനയുടെ വാഹനത്തിനും തീയിട്ടു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഭവസ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ കഴിഞ്ഞ ദിവസവും കല്ലേറ് നടന്നിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂരില് പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരത്തിന് നേരെയാണ് കല്ലേറ് ഉണ്ടായത്.