ഹൈദരാബാദ്; കേരളത്തെ പിന്തുടര്ന്ന് തെലങ്കാനയും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെലങ്കാന നിയമസഭ പ്രമേയം പാസാക്കും. മാര്‍ച്ച് ആദ്യ വാരം നടക്കാനിരിക്കുന്ന നിയമസഭയുടെ ബജറ്റ് സെഷനില്‍ പ്രമേയം പാസാക്കും. ഞായറാഴ്ച രാത്രിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അധ്യക്ഷനായ സംസ്ഥാന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം അറിയിച്ചത്.
നേരത്തെ കേരളം, പഞ്ചാബ്, രാജസ്ഥാന്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. ഈ മാതൃകയില്‍ പ്രമേയം പാസാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.
അതെസമയം ഇന്ത്യന്‍ പൗരത്വം നല്കുന്നതില് മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കരുതെന്നും, പൗരത്വ ഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും തെലങ്കാന മന്ത്രിസഭ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. നിയമത്തിന് മുന്നില്‍ എല്ലാ മതങ്ങളെയും തുല്യമായി കാണണമെന്നും തെലങ്കാന മന്ത്രിസഭ അഭ്യര്‍ഥിച്ചു.
മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്കുമ്പോള് വിവേചനത്തിന് ഇടയാകുകയും അതുവഴി ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ള മതേതരത്വം അപകടത്തിലാകുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.