ലഖ്നൗ: കിടക്കാന്‍ ബെഡില്ലാത്തതിന്റെ പേരില്‍ യുവതിക്ക് പ്രസവിക്കേണ്ടി വന്നത് ആശുപത്രി വരാന്തയില്‍. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരും നഴ്സുമാരുമാണ് യുവതിയെ നിര്‍ബന്ധപൂര്‍വം വരാന്തയില്‍ വച്ച് പ്രസവിപ്പിച്ചത്. അവിടെ ഉണ്ടായിരുന്ന ഒരാള്‍ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് ഡോക്ടര്‍മാരുടെയും ആശുപത്രി അധികൃതരുടെയും ഭാഗത്ത് നിന്നുണ്ടായ ഗുരതരമായ വീഴ്ച പുറംലോകം അറിഞ്ഞത്.
ഫറൂഖബാദ് ജില്ലയിലെ റാ മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് ഈ ദാരുണ സംഭവം നടന്നത്. വീഡിയോയില്‍ ആശുപത്രി വരാന്തയില്‍ യുവതി ചോരയില്‍ കുളിച്ചു കിടക്കുന്നത് കാണാം. മറ്റൊരറ്റത്തായി കുഞ്ഞിനെയും കാണാം. ചെറിയ കഷ്ണം തുണിയിലാണ് കുഞ്ഞിനെ കിടത്തിയിരിക്കുന്നത്. കുറച്ച് സമയത്തിന് ശേഷം ഇവരുടെ ബന്ധുവായ മറ്റൊരു സ്ത്രീ കുഞ്ഞിനെ എടുത്ത് നല്ല തുണിയില്‍ പൊതിയുന്നുണ്ട്.
പ്രസവ ശേഷം പിന്നീട് യുവതിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചുവെന്നും വിവരമുണ്ട്. സംഭവം പുറത്തായതോടെ അനാസ്ഥയെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് മോണിക റാണി ഉത്തരവിട്ടു. നിരുത്തരവാദപരമായി പെരുമാറിയ എല്ലാവര്‍ക്കുമെതിരെ നടപടി എടുക്കുമെന്നും മോണിക റാണി വ്യക്തമാക്കി.