ന്യൂഡല്‍ഹി: ഉന്നാവോ സംഭവത്തിലെ ട്രക്ക് ഉടമയെ തിരിച്ചറിഞ്ഞു. ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടി സഞ്ചരിച്ച കാറിനെ ഇടിച്ചു തകര്‍ത്ത ട്രക്കിന്റെ ഉടമയെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രിയുടെ മരുമകന് അരുണ്‍ സിങാണ് ട്രക്കിന്റെ ഉടമയെന്നാണ് റിപ്പോര്‍ട്ട്. സമാജ് വാദി പാര്‍ട്ടിയുടെ നവാബ് ഗഞ്ച് ബ്ലോക്ക് അധ്യക്ഷനാണ് അരുണ്‍ സിങ്. ഉന്നാവോ സംഭവത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണ് ഇയാള്‍.
ലഖ്നൗവില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെ റായ്ബറേലിയിലെ ഗുരുബക്ഷ് ഗഞ്ചിലാണ് അപകടം നടന്നത്. യുപി 71 എടി 8300 എന്ന ട്രക്കാണ് പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ഇടിച്ചത്. വാഹന നമ്പര്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അരുണ്‍ സിങാണ് ട്രക്കിന്റെ ഉടമസ്ഥനെന്ന് പോലീസ് കണ്ടെത്തിയത്.
കേസിലെ പ്രതിയായ എംഎല്‍എ കുല്‍ദീപ് സിങ്് സെന്‍ഗാറിനെതിരെയുള്ള പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അരുണ്‍ സിങ് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ കുടുംബം നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുകയാണ് പ്രതി കുല്‍ദീപ് സിങ് സെന്‍ഗാര്‍.