ലഖ്നൗ: ഉന്നാവോയില്‍ ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്തെന്ന് പരാതി നല്കിയ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട സംഭവം സിബിഐയ്ക്ക് വിടാന്‍ സാധ്യത. സംഭവം സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തതായി ലഖ്നൗ എഡിജിപി അറിയിച്ചു. അതേസമയം, ഉന്നാവോ കേസിന്റെ അന്വേഷണം സിബിഐക്ക് വിടാന്‍ തയ്യാറാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അറിയിച്ചിട്ടുണ്ട്.
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദുരൂഹതയേറുകയാണ്. കാറിലിടിച്ച ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് കറുത്ത മഷി കൊണ്ട് മറച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പെണ്‍കുട്ടിയോടൊപ്പം കാറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിക്കാത്തതും സംശയത്തിന് ഇടനല്കുന്നു.
കാറിന്റെയും ട്രക്കിന്റെയും ഫൊറന്‍സിക് പരിശോധന ഉടന്‍ നടത്തുമെന്ന് ഡിഐജി അറിയിച്ചു. അപകടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, ട്രക്കിന്റെ ഡ്രൈവറെയും ഉടമസ്ഥനെയും അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. അതേസമയം, യുവതിയുടെ നില അതീവഗുരുതരമായി തുടരുകയാണ്.