ലഖ്നൗ: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ വിവാഹം കഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ യുവാവ് ഭാര്യയെ മൊഴി ചൊല്ലി. ഉത്തര്‍പ്രദേശിലെ ബാരബന്കിയിലാണ് സംഭവം. യുവതിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജഹാന്‍ഗിരാബാദ് സ്വദേശിയായ ഷെയിന്‍ അലത്തിനെതിരേ പോലീസ് കേസെടുത്തു.
രുക്സാന ബോനൊയെ എന്ന യുവതിയെയാണ് മുത്തലാഖ് ചൊല്ലിയത്. ജൂലൈ 13 നാണ് രുക്സാനയുമായുള്ള ഷെയിനിന്റെ വിവാഹം നടന്നത്. സ്ത്രീധനമായി മോട്ടോര്‍ ബൈക്ക് നല്‍കാത്തതില്‍ ദേഷ്യപ്പെട്ട ഷെയിന്‍ വിവാഹം കഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ യുവതിയെ മൊഴി ചൊല്ലുകയായിരുന്നു.
തുടര്‍ന്ന് യുവതിയുടെ പിതാവ് പരാതിയുമായി പോലീസിനെ സമീപിച്ചു. സ്ത്രീധന നിരോധന നിയമത്തിന്റെ കീഴില്‍ പോലീസ് ഷെയിനിനും 12 അംഗ കുടുംബത്തിനും എതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.