ന്യൂഡല്‍ഹി: തെലങ്കാന ആന്റികറപ്ഷന്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ തഹസില്‍ദാറിന്റെ വീട്ടില്‍ നിന്നും 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു. തെലങ്കാനയിലെ രെങ്കറെഡ്ഡി ജില്ലാ തഹസീല്‍ദാര്‍ വി. ലാവണ്യയുടെ ഹൈദരാബാദിലെ ഹയാത്ത് നഗറിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കണക്കില്‍ പെടാത്ത സ്വര്‍ണവും പണവും കണ്ടെടുത്തത്.
രണ്ട് വര്‍ഷം മുന്‍പ് തെലങ്കാന സര്‍ക്കാര്‍ ഇവര്‍ക്ക് മികച്ച തഹസീല്‍ദാര്‍ക്കുള്ള പുരസ്കാരം നല്കി ആദരിച്ചിരുന്നു. വസ്തുവിന്റെ രേഖകള്‍ തിരുത്തി നല്‍കുന്നതിനായി ഇവര്‍ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ഒരു കര്ഷകന് പരാതി നല്‍കിയിരുന്നു.
രേഖകളിലെ പിഴവ് തിരുത്തുന്നതിനായി അധികൃതര്‍ എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഇതില്‍ അഞ്ച് ലക്ഷം ജില്ലാ റവന്യൂ ഓഫീസറിനും മൂന്ന് ലക്ഷം വിആര്ഒയ്ക്കും നല്‍കിയെന്നുമായിരുന്നു കര്‍ഷകന്റെ ആരോപണം. തുടര്‍ന്ന് വിആര്ഒയെ പിടികൂടി. തഹസീല്‍ദാരെ ചോദ്യം ചെയ്തിരുന്നെങ്കിലും അവര്‍ ഇക്കാര്യം നിഷേധിച്ചു.
ഇതിന് പിന്നാലെയാണ് എസിബി ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണവും കണ്ടെത്തി. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.