അഹമ്മദാബാദ്: രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. ഗുജറാത്തിലാണ് സംഭവം നടന്നത്. ഇതര ജാതിക്കാരിയെ വിവാഹം ചെയ്തതിനാണ് ദളിത് യുവാവിനെ ഭാര്യ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. ഹരേഷ് സോളങ്കി എന്നയാളെയാണ് ഭാര്യ ഊര്‍മ്മിളയുടെ വീടിന് പുറത്ത് വെച്ച് എട്ടംഗ സംഘം വെട്ടിക്കൊന്നത്. ഊര്‍മ്മിളയുടെ വീട്ടുകാരുമായി അനുനയ ചര്‍ച്ചയ്ക്ക് എത്തിയ വനിതാ ഹെല്പ് ലൈന്‍ പ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചാണ് ഈ സംഭവം നടന്നത്.
കച്ചിലെ ഗാന്ധിധാം സ്വദേശിയായ ഹരേഷ് ആറുമാസം മുമ്പാണ് ഊര്‍മ്മിളയെ വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതം ഇല്ലാതെയായിരുന്നു വിവാഹം. പിന്നീട് ഊര്‍മ്മിളയുടെ വീട്ടുകാര്‍ വന്ന് യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇവരെ പിന്നീട് ഹരേഷിന്റെ വീട്ടിലേക്ക് യുവതിയുടെ വീട്ടുകാര്‍ തിരിച്ചയച്ചില്ല.
ഇതേതുടര്‍ന്ന് ഹരേഷ് രണ്ട് മാസം ഗര്‍ഭിണിയായ തന്റെ ഭാര്യയെ തിരിച്ച് കിട്ടാന്‍ വനിതാ ഹെല്പ് ലൈനിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ഹെല്പ് ലൈന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം യുവതിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. ഹെല്പ് ലൈന്‍ പ്രവര്‍ത്തകര്‍ ഊര്‍മ്മിളയുടെ രക്ഷിതാക്കളോട് സംസാരിക്കുമ്പോള്‍ പുറത്ത് സര്‍ക്കാര്‍ വാഹനത്തില്‍ ഇരിക്കുകയായിരുന്നു ഹരേഷ്. ചര്‍ച്ച കഴിഞ്ഞതിന് ശേഷമാണ് ഹരേഷ് കാറില്‍ ഉണ്ടെന്ന വിവരം അറിഞ്ഞ് വീട്ടുകാര്‍ യുവാവിനെ കാറില്‍ നിന്നിറക്കി വെട്ടിയത്. തലയ്ക്ക് മാരകമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
സംഭവത്തില്‍ പ്രതികളായ ഊര്‍മ്മിളയുടെ പിതാവ് ദഷ്റത് സിങ് സാലയടക്കം എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവം നടന്നതിന് ശേഷം ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.