ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി യുവമോര്‍ച്ച നേതാവിന്റെ ഭാര്യ വെടിയേറ്റ് മരിച്ചു. ബാരാബങ്കി ജില്ലാ നേതാവ് രാഹുല്‍ സിംഗിന്റെ ഭാര്യ സ്നേഹലതയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ദൗലത്പൂരിലേക്കു പോകുന്ന വഴി കാര്‍ തടഞ്ഞുനിര്‍ത്തി അജ്ഞാതര്‍ ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് രാഹുല്‍ പോലീസിനോട് പറഞ്ഞത്.
അതേസമയം തന്റെ മകളെ സ്ത്രീധനത്തിന്റെ പേരില്‍ രാഹുല്‍ തന്നെ വെടിവെച്ച് കൊന്നതാണെന്നാണ് മരിച്ച സ്നേഹലതയുടെ പിതാവ് രാം കുമാര്‍ പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി. സ്ത്രീധനത്തിന്റെ പേരില്‍ രാഹുല്‍ മകളെ ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും പരാതിയില്‍ ഉണ്ട്. ഇതേതുടര്‍ന്ന് രാഹുലിനെതിരെയും മറ്റ് അഞ്ച് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
കൊലപാതകം, സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജനുവരി 27നായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ ഉടന്‍ കാര്‍ വാങ്ങിനല്‍കണമെന്ന് രാഹുല്‍ ഭാര്യയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നതായും സ്ത്രീധനത്തിന്റെ പേരില്‍ തന്റെ ജീവനുപോലും ഭീഷണിയുണ്ടെന്ന് മകള്‍ പറഞ്ഞതായും പിതാവ് നല്കിയ പരാതിയിലുണ്ട്.