മുംബൈ: മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ട് തകരാനുള്ള കാരണം ഞണ്ടുകളെന്ന് ജലസേചന മന്ത്രി തനാജി സാവന്ത്. അണക്കെട്ടില്‍ ധാരാളം ഞണ്ടുകളുണ്ടെന്നും അവയാണ് വിള്ളലുകളുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു. അണക്കെട്ട് തകര്‍ന്ന് 14 പേരാണ് മരിച്ചത്. സംഭവം ഏറെ ദൗര്‍ഭാഗ്യകരമാണെന്നും സാവന്ത് കൂട്ടിച്ചേര്‍ത്തു.
അണക്കെട്ടില്‍ അടുത്തിടെ ഞണ്ടുകളുടെ എണ്ണം വര്‍ധിച്ചിരുന്നു. ഇതിന് മുമ്പ് ഇവിടെ ചോര്ച്ചകളൊന്നുമുണ്ടായിരുന്നില്ലെന്നും ഞണ്ടുകളുടെ കേന്ദ്രമായി മാറിയതിന് ശേഷമാണ് അണക്കെട്ടില്‍ വിള്ളലുകള്‍ രൂപപ്പെട്ടതെന്നുമാണ് തനാജി സാവന്തിന്റെ കണ്ടെത്തല്‍.
നാട്ടുകാര്‍ ഇക്കാര്യം തങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും വകുപ്പ് ആവശ്യമായ നടപടിയെടുത്തെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിര്‍മ്മാണം മോശമായതിനെ തുടര്‍ന്നാണോ അപകടമുണ്ടായതെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അണക്കെട്ടിന്റെ സമീപത്ത് താമസിക്കുന്നവരില്‍ നിന്നും തനിക്ക് അങ്ങനൊരു വിവരം കിട്ടിയിട്ടില്ലെന്നും മന്ത്രി മറുപടി നല്കി. .