ചെന്നൈ: കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്മോഹന് സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കില്ല. സഖ്യ കക്ഷിയായ ഡിഎംകെ രാജ്യസഭാ സീറ്റ് നല്‍കാത്ത സാഹചര്യത്തിലാണ് മന്മോഹന് സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് ഉറപ്പായത്. ഒഴിവ് വരുന്ന തമിഴ്നാട്ടില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലും ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിട്ട് ആവശ്യപ്പെട്ടാല്‍ മന്മോഹന് സിംഗിന് വേണ്ടി ഒരു സീറ്റ് വിട്ടുനല്‍കുമെന്ന് ഡിഎംകെ നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിട്ട് ആവശ്യപ്പെടാത്തതിനാല്‍ മന്മോഹന് സിംഗിന് സീറ്റ് നല്‍കേണ്ടതില്ലെന്ന് ഡിഎംകെ തീരുമാനിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
എംഡിഎംകെ നേതാവ് വൈക്കോ, ഡിഎംകെ അനുഭാവിയും മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലുമായ പി വില്‍സണ്‍, ഡിഎംകെ നേതാവ് എം ഷണ്മുഖം എന്നിവരെയാണ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.