ഭോപ്പാല്‍: ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമം തടയാന്‍ പുതിയ നിയമത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ അംഗീകാരം നല്കി. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയും ശിക്ഷ നല്‍കുന്നതാണ് നിയമം. ഇന്നലെ ചേര്‍ന്ന ക്യാബിനെറ്റ് യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമങ്ങള്‍ രാജ്യത്ത് പെരുകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇത്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവര്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തുന്നവര്‍ക്കും പുതിയ നിയമമനുസരിച്ച് ജയില്‍ ശിക്ഷ ലഭിക്കും.
കാലിക്കടത്ത് ആരോപിച്ചോ മറ്റോ ആക്രമണം നടത്തുകയാണെങ്കില്‍ അക്രമിക്ക് ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 25000 മുതല്‍ 50000 രൂപ വരെ പിഴയുമാണ് ലഭിക്കുക. ആള്‍ക്കൂട്ടം നടത്തുന്ന ആക്രമണത്തിന് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയും അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവര്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തുവര്ക്കും തടവ് ശിക്ഷയും ലഭിക്കുമെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു. ഈ ബില്‍ അടുത്ത മാസം എട്ടാം തീയ്യതി ആരംഭിക്കുന്ന നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.