ചെന്നൈ: സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ ഒരേ ട്രാക്കില്‍ ഒന്നിച്ചെത്തിയത് അധികൃതരിലും റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാരിലും പരിഭ്രാന്തി പരത്തി. മധുരയിലെ തിരുമംഗലം സ്റ്റേഷനിലാണ് സംഭവം. വ്യാഴാഴ്ച 2 മിനിറ്റ് വ്യത്യാസത്തിലാണു വന്‍ദുരന്തം ഒഴിവായത്.
സ്റ്റേഷന് മാസ്റ്റര്‍ ഭീംസിങ്ങിനു തമിഴ് കാര്യമായി വശമില്ലാത്തതാണു പ്രശ്നത്തിന് വഴിവെച്ചതെന്ന് റെയില്‍വേ അറിയിച്ചു. ചെങ്കോട്ടയിലേക്ക് പോകാനുള്ള ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട സമയത്തു തന്നെ ചെങ്കോട്ടയില്‍ നിന്നു മധുരയിലേക്കു പോകേണ്ട ട്രെയിനും ഇതേ ട്രാക്കിലേക്ക് എത്തുകയായിരുന്നു.
സിഗ്നല്‍ അറ്റകുറ്റപ്പണിയുള്ളതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാനായി ട്രെയിന്‍ കടത്തി വിടരുതെന്ന് നേരിട്ട് മൊബൈലിലൂടെ വിവരം ഭീംസിങ്ങിന് കൈമാറിയിരുന്നു. എന്നാല്‍ തമിഴ് ഭാഷ അല്പം മാത്രം അറിയാവുന്ന ഇദ്ദേഹത്തിന് ട്രെയിന്‍ കടത്തിവിടരുത് എന്നു പറഞ്ഞത് കടത്തിവിടണം എന്നാണു മനസ്സിലായത്.
തുടര്‍ന്ന് സിഗ്നല്‍ പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാന്‍ തിരുമംഗലം സ്റ്റേഷന് മാസ്റ്റര്‍ ജയകുമാര്‍ ഗേറ്റ് കീപ്പറെ വിളിച്ചപ്പോഴാണ് മധുര ട്രെയിന്‍ കടന്നുപോയ വിവരം അറിഞ്ഞതും ഉടന്‍ അപായസന്ദേശം നല്കിയതും. അതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. സംഭവത്തില്‍ ജയകുമാര്‍, കല്ലിക്കുടി സ്റ്റേഷന് മാസ്റ്റര്‍ ഭീം സിങ് മീണ, കണ്ട്രോളര് മുരുകാനന്ദം എന്നിവരെ സസ്പെന്‍ഡ് ചെയ്തു.