ചെന്നൈ: ലഹരിമരുന്നുകളുമായി മലയാളി വിദ്യാര്‍ത്ഥികള്‍ തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ പോലീസ് പിടിയില്‍. ഒരു സ്വകാര്യ റിസോട്ടില്‍ നിന്നാണ് ഒരു പെണ്‍കുട്ടിയടക്കം 163 ഓളം വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടിയത്. വിദ്യാര്‍ത്ഥികള്‍ മദ്യപിച്ച് ശല്യം ചെയ്തതിനെ തുടര്‍ന്ന് സമീപവാസികളാണ് കാര്യം പോലീസിനെ അറിയിച്ചത്.
ഒരു വിദ്യാര്‍ത്ഥിയുടെ ബെര്‍ത്ത് ഡെ ആഘോഷത്തിനായാണ് റിസോര്‍ട്ട് ബുക്ക് ചെയ്തത്. കേരളത്തിലെ വിവിധ കോളേജുകളിലേയും, കോയമ്പത്തൂരിലെ ചില കോളേജുകളില്‍ നിന്നുമുള്ള 163 പേരാണ് റിസോര്‍ട്ടില്‍ എത്തിയത്. ഇതില്‍ എതാനും തമിഴ് വിദ്യാര്‍ത്ഥികളും ബാക്കി മുഴുവന്‍ മലയാളികളുമായിരുന്നു. 162 ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമടങ്ങുന്ന സംഘം മദ്യപിച്ച് ബഹളം വെയ്ക്കാന്‍ തുടങ്ങിയതോടെ സമീപവാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തുകയും വിദ്യാര്‍ത്ഥികളെ പിടികൂടുകയുമായിരുന്നു. പരിശോധനയില്‍ കഞ്ചാവ്, മദ്യം, വിവിധ തരം മയക്ക് ഗുളികകള്‍ എന്നിവ പിടികൂടി. നിരോധിത മയക്ക് മരുന്ന് ഗുളികകളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ മയക്ക് മരുന്ന് ഉപയോഗത്തിനായി റിസോര്‍ട്ട് വിട്ടുനല്‍കിയതിന് അഗ്രി നെസ്റ്റ് റിസോര്‍ട്ട് ഉടമ ധനേഷിനെയും, 6 ജീവനകാരെയും പോലീസ് അറസ്റ്റ് ചെയ്തു. ശേഷം റിസോര്‍ട്ട് സീല്‍ ചെയ്തു.