ഹൈദരാബാദ്: പരീക്ഷയിലെ കൂട്ടത്തോല്‍വിയെ തുടര്‍ന്ന് പത്ത് ദിവസത്തിനിടെ തെലങ്കാനയില്‍ ജീവനൊടുക്കിയത് 25 വിദ്യാര്‍ത്ഥികള്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്ത് വന്നതിനെ തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ. ഇതേതുടര്‍ന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സ്വകാര്യ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ നടന്ന ഇന്റര്‍മീഡിയറ്റ് പരീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പരാജയപ്പെട്ടത്. 9.7 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. എന്നാല്‍ ഇതില്‍ 3.28 ലക്ഷം വിദ്യാര്‍ഥികളാണ് (33 ശതമാനം) പരാജയപ്പെട്ടത്. പരീക്ഷ നടത്തിപ്പിലെ ക്രമക്കേടാണ് വിദ്യാര്‍ത്ഥികളുടെ കൂട്ടത്തോല്‍വിക്ക് കാരണമെന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്.
വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും രംഗത്തെത്തി. തുടര്‍ന്ന് പരീക്ഷയില്‍ പരാജയപ്പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി പുനര്‍മൂല്യനിര്‍ണയം നടത്താനുള്ള അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു. കൂടാതെ കൂട്ടത്തോല്വിയെക്കുറിച്ച് അന്വേഷിക്കാനായി മൂന്നംഗസമിതിയെ നിയോഗിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.