ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വ്യാപക നാശം. രാജസ്ഥാന്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലായി കനത്ത മഴയിലും പൊടിക്കാറ്റിലും 35 പേര് മരിച്ചു. മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മധ്യപ്രദേശില്‍ പതിനഞ്ചു പേരും ഗുജറാത്തിലും രാജസ്ഥാനിലും പത്തു പേര് വീതവും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഗുജറാത്തിലെ മഴക്കെടുതിയില്‍ ഉത്കണ്ഠ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി ധനസഹായം പ്രഖ്യാപിച്ചു. അതെസമയം ഗുജറാത്തിനു മാത്രം ധനസഹായം പ്രഖ്യാപിച്ചതിന് എതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പ്രതിഷേധം രേഖപ്പെടുത്തി. മോഡിജി, താങ്കള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, ഗുജറാത്തിന്റെയല്ല -കമല്‍നാഥ് പറഞ്ഞു.
മോഡിക്ക് സ്വന്തം സംസ്ഥാനത്തിന്റെ കാര്യത്തില്‍ മാത്രമാണ് ആശങ്കയുള്ളൂവെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. കമല്‍നാഥ് വിമര്‍ശിച്ചതിന് പിന്നാലെ മധ്യപ്രദേശിലും രാജസ്ഥാനിലും മണിപ്പൂരിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമുണ്ടായ മഴക്കെടുതിയില്‍ ദുഃഖം രേഖപ്പെടുത്തി മോഡി ട്വീറ്റ് ചെയ്തു.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷംരൂപ വീതം സഹായധനം നല്‍കുമെന്നും പരുക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതം നല്‍കുമെന്നും മോഡി അറിയിച്ചു. അതെസമയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.