ബംഗളൂരു: മാസങ്ങളോളം ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് സ്വകാര്യസ്ഥാപന ഉടമയെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഹലസുരുവിന് സമീപം സ്വകാര്യസ്ഥാപനം നടത്തി വരുന്ന സുജയ്(23)നെയാണ് തൊഴിലാളികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി തടവിലാക്കി പീഡിപ്പിച്ചത്.
ഏഴ് മാസത്തോളം ശമ്പളം മുടങ്ങിയ ജീവനക്കാര്‍ പലതവണയായി ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ട് കമ്പനി ഉടമയായ സുജയ്നെ സമീപിച്ചിരുന്നു. എന്നാല്‍ ഇയാള്‍ പണം നല്‍കിയില്ല. ക്ഷുഭിതരായ ജീവനക്കാര്‍ ചേര്‍ന്ന് സുജയ്നെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിടുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 21 ന് നാലംഗ സംഘം സുജയിനെ തട്ടിക്കൊണ്ട് പോയി എച്ച്എസ്ആര്‍ ലേ ഔട്ടിന് സമീപത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ തടവിലാക്കി.
ശേഷം മാസങ്ങളായി മുടങ്ങിയിരിക്കുന്ന ശമ്പളം തരാന്‍ ആവശ്യപ്പെട്ട് ഉപദ്രവിക്കുകയും ചെയ്തു. ഒടുവില്‍ ശമ്പളം ഉടന്‍ തന്നെ തന്നുതീര്ക്കാമെന്ന് വാഗ്ദാനം നല്‍കിയതോടെ സംഘം ഇയാളെ മോചിപ്പിക്കുകയായിരുന്നു. തടവില്‍ നിന്നും രക്ഷപ്പെട്ട സുജയ് ഹലസുരു പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. ജീവനക്കാര്‍ക്കെതിരെ പരാതിയും നല്കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.