ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കെ പ്രചാരണത്തിന് ഒന്നുകൂടി കരുത്ത് പകരാനായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ എത്തും. 16 സംസ്ഥാനങ്ങളിലാണ് പ്രിയങ്ക ജനപിന്തുണ തേടി എത്തുക. പ്രിയങ്കയുടെ പ്രചാരണം ഉത്തര്‍ പ്രദേശില്‍ മാത്രം മതി എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാല്‍ പിന്നീട് രാഷ്ട്രീയ സാഹചര്യം മാറി മറിഞ്ഞതോടെ പ്രിയങ്കയുടെ പ്രചാരണം ഉത്തര്‍പ്രദേശില്‍ മാത്രമായി ഒതുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു പാര്‍ട്ടി. നാല്‍പ്പത് താരപ്രചാരകരടങ്ങുന്ന പട്ടികയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്. ഇതില്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മന്മോഹന് സിങ് എന്നിവര്‍ക്ക് ശേഷം നാലാമതാണ് പ്രിയങ്ക.
എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം വിവിധ പിസിസികള്‍ പ്രിയങ്കയെ പ്രചാരണത്തിനായി ക്ഷണിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി അക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പോരാട്ടം കടുത്തതോടെയാണ് 16 സംസ്ഥാനങ്ങളില്‍ പ്രിയങ്കയുടെ പ്രചാരണം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്.
40 താരപ്രചാരകര്‍ അടങ്ങുന്ന പട്ടികയാണ് ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി, അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ 40 പേരാണ് ബിജെപിയുടെ താരപ്രചാരകര്‍.