ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ പാനലിന്റെ നിര്‍ദേശപ്രകാരം 54000 തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനം ബിഎസ്എന്‍എല്‍ ബോര്‍ഡ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്. തീരുമാനം നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കുകയാണെന്നാണ് വിവരം.
പുതിയ സര്‍ക്കാരാണ് ഈ വിഷയത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത്. വിആര്‍എസ് പാക്കേജുകളും പിരിച്ചുവിടലും മറ്റും തൊഴിലാളികളെയും തെരഞ്ഞെടുപ്പിനെയും വലിയ തോതില്‍ ബാധിക്കുമെന്നതിനാലാണ് ടെലികോം ഡിപ്പാര്‍ട്ട്മെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കുന്നത്.
മാര്‍ച്ചില്‍ നടന്ന ബിഎസ്എന്‍എല്‍ ബോര്‍ഡ് യോഗത്തില്‍ പാനല്‍ മുന്നോട്ടുവെച്ച 10 നിര്‍ദേശങ്ങളില്‍ മൂന്നെണ്ണം ബോര്‍ഡ് അംഗീകരിച്ചതായാണ് അറിയുന്നത്. വിരമിക്കല്‍ പ്രായം 60ല്‍ നിന്ന് 58 ആയി കുറയ്ക്കുക, 50ന് മുകളില്‍ പ്രായമുള്ള എല്ലാ തൊഴിലാളികള്‍ക്കും വിആര്‍എസ് സ്കീം, ബിഎസ്എന്‍എല്ലിന് 4ജി സ്പെക്ട്രം അനുവദിക്കുന്നത് വേഗത്തിലാക്കുക എന്നീ നിര്‍ദേശങ്ങളാണ് ബോര്‍ഡ് അംഗീകരിച്ചത്.