ന്യൂഡല്‍ഹി: ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വാഗ്ദാനങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുള്ളതെന്ന് വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക അവരെപ്പോലെ അഴിമതി നിറഞ്ഞതാണെന്നും ശുദ്ധതട്ടിപ്പാണെന്നും മോഡി തുറന്നടിച്ചു.
രാജ്യത്തിന്റെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് മാനിക്കുന്നതേയില്ല, അവര്‍ക്ക് വോട്ടുബാങ്കുകള്‍ മാത്രമാണ് പ്രധാനമെന്നും വഞ്ചന നിറഞ്ഞതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക. ഇതൊരു പ്രകടനപത്രികയല്ല മറിച്ച് കാപട്യം നിറഞ്ഞ പ്രസ്താവനകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ 60 വര്‍ഷത്തെ ഭരണവും തന്റെ 60 മാസത്തെ ഭരണവും താരതമ്യം ചെയ്യാനും മോഡി ആവശ്യപ്പെട്ടു. 60 വര്‍ഷം ഭരിച്ചവര്‍ ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ല. വെറും 60 മാസം മാത്രമാണ് ഞാന്‍ ഭരിച്ചത്. നിങ്ങള്‍ക്ക് തന്നെ അതിന്റെ മാറ്റം കാണാമെന്നും അദ്ദേഹം പറഞ്ഞു.