ന്യൂഡൽഹി: ബംഗ്ലാദേശികളും രോഹിംഗ്യൻ മുസ്ലിംകളും ഇന്ത്യക്ക് ആപത്താണെന്ന് ബിജെപി എംപി ടി.രാജാ സിംഗ്. രാജ്യത്തുനിന്നും സ്വമേധയാ മടങ്ങിപ്പോയില്ലെങ്കിൽ അവരെ വെടിവച്ചിടണമെന്നും ഹൈദരാബാദിൽനിന്നുള്ള എംപിയായ രാജ ആവശ്യപ്പെട്ടു.
ആസാമിലെ ദേശീയ പൗരത്വ രജിസ്ട്രേഷന്റെ അന്തിമ കരടു പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികമാധ്യമത്തിലൂടെയായിരുന്നു രാജയുടെ പ്രതികരണം. രാജ്യത്ത് വിദേശികളെ നിലനിർത്തുന്നത് എങ്ങനെയാണ്? ഇത്തരം കീടങ്ങളെ രാജ്യത്തു നിലനിർത്തേണ്ട ആവശ്യമില്ല. ഇവരെ രാജ്യത്തുനിന്നും ദൂരേയ്ക്ക് അയക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിക്കുകയാണ്.
ഇതിനു കഴിയുന്നില്ലെങ്കിൽ അപകടകാരികളായ കുടിയേറ്റക്കാരെ വെടിവച്ചുകൊല്ലുന്ന മറ്റുരാജ്യങ്ങളെപ്പോലെ ഇന്ത്യയും പെരുമാറണം. ബംഗ്ളാദേശികളും രോഹിംഗ്യകളും ഇന്ത്യയിൽ സമാധാനത്തോടെ ജീവിക്കില്ല. ഇവരെയെല്ലാം വെടിവച്ചുകൊല്ലണമെന്നും രാജാ സിംഗ് ആവശ്യപ്പെട്ടു.