കൊല്‍ക്കത്ത: നോട്ടയ്ക്കെതിരായ പ്രചാരണവുമായി സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത് ( എബിവിപി) രംഗത്ത്. തെരുവുനാടകം, ചുമരെഴുത്തുകള്‍, തെരുവോര യോഗങ്ങള്‍, സമൂഹമാധ്യമങ്ങള്‍ തുടങ്ങിയവ മുഖേനെയാണ് എബിവിപിയുടെ നോട്ടയ്ക്കെതിരെയുള്ള പ്രചാരണം നടക്കുന്നത്.
ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ആഗ്രഹിക്കുന്ന പശ്ചിമ ബംഗാളിലാണ് എബിവിപിയുടെ പ്രചാരണം. നോട്ടയ്ക്ക് വോട്ട് ചെയ്യുന്നത് വോട്ട് പാഴാക്കുന്നതിന് തുല്യമാണെന്ന് എബിവിപി പറയുന്നു. അതിനാല്‍ നോട്ടയ്ക്ക് വോട്ടു കുത്തുന്നത് പരമാവധി കുറയ്ക്കണമെന്ന് എബിവിപി അഭ്യര്‍ത്ഥിക്കുന്നു.
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടത് ഓരോ പൗരന്റെയും ചുമതലയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് വോട്ട് നല്‍കാതെ ലഭ്യമായതില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്തി എന്ന് എല്ലാവരും ഉറപ്പാക്കണമെന്ന് എബിവിപി ബംഗാള്‍ സംസ്ഥാന സെക്രട്ടറി സപ്തര്‍ഷി സര്‍ക്കാര്‍ പറയുന്നു.