പാട്ന: ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ ജെഎന്‍യു സമരനായകനും വിദ്യാര്ത്ഥിനേതാവുമായ കനയ്യകുമാര്‍ ബേഗുസാരായ് ലോക്സഭ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയാകും എന്ന് റിപ്പോര്‍ട്ട്. കനയ്യകുമാര്‍ മത്സരരംഗത്തിറങ്ങുന്നത് സിപിഎമ്മും സിപിഐയും ഉള്‍പ്പെടുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായാണ്.
നേരത്തെ പ്രതീക്ഷിച്ചിരുന്നത് പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി കനയ്യകുമാര്‍ മത്സരിച്ചേക്കുമെന്നാണ്. എന്നാല്‍ സിപിഐക്കും സിപിഎമ്മിനും പ്രതിപക്ഷ മഹാസഖ്യത്തില്‍ സീറ്റുകള്‍ നിഷേധിക്കപ്പെട്ടതോടെ കനയ്യകുമാര്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ നിലച്ചു. പ്രതിപക്ഷ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനത്തില്‍ ബേഗുസാരായ് മണ്ഡലം ലഭിച്ചത് ആര്ജെഡിയ്ക്കാണ്. ആര്‍ജെഡി ഇവിടെ പരിഗണിക്കുന്നത് തന്‍വീര്‍ ഹുസൈനെയാണ്.
കഴിഞ്ഞദിവസമാണ് കോണ്‍ഗ്രസും ആര്‍ജെഡിയും നേതൃത്വം നല്കുന്ന ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യം സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തിയത്. സഖ്യത്തില്‍ ഉള്‍പ്പെട്ട സിപിഐ(എംഎല്)ന് ഒരു സീറ്റ് ലഭിച്ചെങ്കിലും സിപിഐയെയും സിപിഎമ്മിനെയും സഖ്യനേതാക്കള്‍ പൂര്‍ണമായും തഴയുകയായിരുന്നു. സീറ്റുകള്‍ നിഷേധിക്കപ്പെട്ടതോടെ തങ്ങള്‍ സ്വന്തം നിലയില്‍ മത്സരിക്കുമെന്ന് ബിഹാറിലെ സിപിഐ നേതാക്കളും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.