ഗാന്ധിനഗര്‍: രാജ്യമെമ്പാടും ഹോളി ആഘോഷത്തിന്റെ തിരക്കിലാണ്. കളറുകള്‍ വാരിയെറിഞ്ഞാണ് പൊതുവെ ജനങ്ങള്‍ ഹോളി ആഘോഷിക്കാറ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഹോളി ആഘോഷമാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്നത്.
കളറുകള്‍ക്ക് പകരം തക്കാളികള്‍ വലിച്ചെറിഞ്ഞായിരുന്നു ഇവിടുത്തുകാരുടെ ഹോളി ആഘോഷം. എല്ലാവര്‍ഷവും സ്പെയിനില്‍ നടക്കുന്ന ‘ലാ ടൊമാറ്റിന ഫെസ്റ്റിവലിന്റെ മാതൃകയിലുള്ള ആഘോഷം വന്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ആളുകള്‍ പരസ്പരം തക്കാളി വാരി എറിയുന്ന ദൃശ്യങ്ങളും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
സ്പെയിനില്‍ നടത്തിവരുന്ന ഒരു ഭക്ഷ്യ ഉത്സവമാണ് ടൊമാറ്റിന (തക്കാളിമേള). തക്കാളി ധാരാളമായി കൃഷി ചെയ്യുന്ന സ്പെയിനില്‍, എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലെ അവസാനത്തെ ബുധനാഴ്ചയാണ് ഈ ഉത്സവം നടത്തി വരുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനാളുകള്‍ ഈ ഉത്സവത്തില്‍ പങ്കെടുക്കാനായി എത്തും. ആഘോഷത്തില്‍ തക്കാളികള്‍ പരസ്പരം എറിയുകയും, ചവിട്ടിമെതിക്കുകയും ചെയ്യുന്നു. 1952 മുതലാണ് ഈ ഉത്സവം ആരംഭിച്ചത്.