ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ മണ്ഡ്യയില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് നടി സുമലത അംബരീഷ്. മണ്ഡ്യയിലെ ജനങ്ങളുടെ ആഗ്രഹം താന്‍ മത്സരിക്കണമെന്നാണെന്ന് സുമലത ബംഗളൂരുവില്‍ പറഞ്ഞു. അന്തരിച്ച കോണ്‍ഗ്രസ് എംപി എംഎച്ച് അംബരീഷിന്റെ ഭാര്യയാണ് സുമലത.
മണ്ഡ്യയില്‍ നേരില്‍ക്കണ്ട ജനങ്ങളെല്ലാം അംബരീഷില്‍ അവര്‍ക്കുണ്ടായിരുന്ന വിശ്വാസത്തെക്കുറിച്ച് തന്നോട് പറഞ്ഞു. ആ വിശ്വാസം അവര്‍ക്ക് തന്നോടുമുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മ്മയും പാരമ്പര്യവും നിലനിര്‍ത്താനാണ് എന്റെയീ പോരാട്ടമന്നും എന്റെ തീരുമാനം ആരെയെങ്കിലും വേദനിപ്പിക്കുന്നുവെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സുമലത പറഞ്ഞു.
സുമലതയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജെഡിഎസിന്റെ സിറ്റിങ് സീറ്റ് നല്‍കാനാവില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. മറ്റൊരു മണ്ഡലവും എംഎല്‍സി പദവിയും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നുവെന്നും അത് താന്‍ അംഗീകരിച്ചില്ലെന്നും സുമലത പറഞ്ഞു. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയെയാണ് മണ്ഡ്യയില്‍ സുമലത നേരിടുക.