ന്യൂഡല്‍ഹി; ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത തള്ളി ഗോവ കോണ്‍ഗ്രസ് നേതാവ് ദിഗംബര്‍ കാമത്ത്. ബിജെപിയിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്നാണ് ദിഗംബര്‍ പ്രതികരിച്ചു. നിലവില്‍ ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവാ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ച വാര്‍ത്തകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ആര് അടുത്ത മുഖ്യമന്ത്രിയാകും എന്ന തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ ദിഗംബര്‍ നിലപാട് തുറന്ന് പറഞ്ഞിരിക്കുന്നത്.
താന്‍ ഡല്‍ഹിയിലേക്ക് പോയത് തികച്ചും വ്യക്തിപരമായ കാരണത്താലാണെന്നും, തന്റെ ഡല്‍ഹി യാത്രയുടെ പേരില്‍ ചില കേന്ദ്രങ്ങള്‍ കുപ്രചരണങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ദിഗംബര്‍ കാമത്ത് ബിജെപില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങളെ തള്ളി ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദങ്കറും, ഗോവ കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് കാവ്ലേകാറും രംഗത്ത് വന്നിരുന്നു.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ദിഗംബര്‍ കാമത്ത് പാര്‍ട്ടിയില്‍ നിന്ന് രാജി വയ്ക്കുമെന്ന് കരുതുന്നില്ല. ഞങ്ങള്‍ക്ക് അക്കാര്യത്തില്‍ യാതൊരു സംശയമില്ലെന്നും ചന്ദ്രകാന്ത് കാവ്ലേകാര് പറഞ്ഞിരുന്നു. ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയ കളിയുടെ ഭാഗമാണ് കുപ്രചരണങ്ങളെന്ന് ഗിരീഷും വ്യക്തമാക്കിയിരുന്നു.
ദിഗംബര്‍ കാമത്ത് ബിജെപിയില്‍ ചേരുമെന്നും, പരീക്കരുടെ പകരക്കാരനായി ഗോവയില്‍ ബിജെപി മുഖ്യമന്ത്രി ആകുമെന്നുമുള്ള അഭ്യൂഹങ്ങളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. ഇത് തള്ളിയാണ് കാമത്ത് രംഗത്ത് വന്നിരിക്കുന്നത്.