വിജയവാഡ; സിബിഐ മുന്‍ ജോയിന്റ് ഡയറക്ടര്‍ ജെഡി ലക്ഷ്മി നാരായണ പവന് കല്ല്യാണിന്റെ പാര്‍ട്ടിയായ ജനസേന പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടി പ്രസിഡന്റ് പവന്കല്ല്യാണിന്റെ സാന്നിധ്യത്തില്‍ ആന്ധ്രയിലെ വിജയവാഡയില്‍ ഇന്നാണ് ജെഡി ലക്ഷ്മി നാരായണ ജനസേന പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ലക്ഷ്മി നാരായണ നേരത്തെ തെലുങ്കുദേശം പാര്‍ട്ടിയില്‍ ചേരുമെന്നായിരുന്നു അഭ്യൂഹങ്ങള്‍ പരന്നിരുന്നത്. പാര്‍ട്ടി പ്രസിഡന്റ് എന്‍ ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടക്കുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ജനസേന പാര്‍ട്ടിയില്‍ ചേരുന്ന കാര്യം ലക്ഷ്മി നാരായണ വ്യക്തമാക്കിയത്.
അതെസമയം ടിഡിപിയില്‍ സീറ്റ് നിഷേധിച്ചതിനാലാണ് ലക്ഷ്മി നാരായണ ജനസേനയില്‍ ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ഭീമിലി അസംബ്ലി സീറ്റ് അല്ലെങ്കില്‍ വിസാഗ് പാര്‍ലമെന്റ് സീറ്റോ ലക്ഷ്മി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജെഡി ലക്ഷ്മി വിസാഗ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ജനസേന ടിക്കറ്റില്‍ മത്സരിക്കുമോ എന്ന് വ്യക്തമല്ല. ജനസേന ഇന്ന് വൈകുന്നേരത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുമെന്ന് പാര്‍ട്ടി പ്രസിഡന്റ് പവന് കല്ല്യാണ്‍ അറിയിച്ചിട്ടുണ്ട്.