ലഖ്നൗ: കോണ്‍ഗ്രസിന് ജനപിന്തുണ തേടി പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശില്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നേതാക്കള്‍ പലമാര്‍ഗങ്ങള്‍ തേടുമ്പോള്‍ ബോട്ട് മാര്‍ഗം ഗംഗ നദിയിലൂടെയാണ് പ്രിയങ്കയുടെ പ്രചാരണ യാത്ര. ഗംഗ ശുചിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നല്കിയ വാഗ്ദാനം പാലിക്കാത്തത് കോണ്‍ഗ്രസ് പ്രധാന പ്രചാരണായുധമാക്കും.
ലഖ്നൗവില്‍ ഇന്ന് രാവിലെ എത്തിയ പ്രിയങ്ക ഗാന്ധി വൈകിട്ടോടെ പ്രയാഗ്രാജിലെത്തും. നാളെ മുതലാണ് പ്രചാരണ യാത്ര ആരംഭിക്കുക. പ്രയാഗ് രാജ് മുതല്‍ നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസി വരെ 140 കിലോമീറ്റോളം ദൂരമാണ് ഗംഗാനദിയിലൂടെ പ്രിയങ്ക ഗാന്ധി പ്രചാരണയാത്ര നടത്തുക.
ഗംഗ നദിയുടെ കരകളിലുള്ള ജനങ്ങളോട് പ്രിയങ്ക സംവദിക്കും. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സമഗ്രവികസനത്തിനായി ജനങ്ങളില്‍ നിര്‍ദേശങ്ങള്‍ തേടും. അതാണ് ജലയാത്രയിലൂടെ താന്‍ ലക്ഷ്യമിടുന്നതെന്നും ഉത്തര്‍പ്രദേശുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുമെന്നും പ്രിയങ്ക പറയുന്നു.
ഗംഗ ശുചിയാക്കുമെന്ന് പ്രധാനമന്ത്രി നല്കിയ വാഗ്ദാനം പാലിക്കാത്തത് ആയുധമാക്കിയാവും പ്രിയങ്കയുടെ പ്രചാരണ യാത്ര. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം രണ്ടാം തവണയാണ് പ്രിയങ്ക ഉത്തര്‍പ്രദേശിലെത്തുന്നത്.