ശ്രീനഗര്‍: 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടെയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില് ഒരാളായ മുദാസിര്‍ അഹമ്മദ് ഖാന് എന്ന മൊഹ്ദ് ഭായിയെ സുരക്ഷാസേന വധിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ പുല്‍വാമയിലെ പിംഗ്ലിഷില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന മേഖലയില്‍ നടത്തിയ തിരച്ചിലിനിടെ വെടിവെപ്പുണ്ടാകുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റമുട്ടലില്‍ മുദാസിര്‍ അഹമ്മദ് ഖാന് ഉള്‍പ്പെടെ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു.
40 സിആര്‍പിഎഫ് ജവാന്മാരാണ് ഫെബ്രുവരി 14 ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ചത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് ആദിര്‍ ആഹമ്മദ് ധര് എന്ന ഭീകരന് സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. 2018 ഫെബ്രുവരിയില്‍ സുന്‍ജാവന്‍ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിലും മുദാസിര്‍ അഹമ്മദ് ഖാന് പങ്കുണ്ടെന്നാണ് കണക്കുകൂട്ടല്‍.