ന്യൂഡല്‍ഹി: ഇന്ത്യയിലെ 15നും 35നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും നിരന്തരമായി അനധികൃത ഫോണ്‍ വിളികളും മെസേജുകളും ലഭിക്കുന്നതായി ട്രൂ കോളര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ 14 നഗരങ്ങളിലെ പെണ്‍കുട്ടികളും യുവതികളുമടക്കമുള്ള 2150 പേരുമായി നേരിട്ട് നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ഫെബ്രുവരി ഒന്‍പതിനും 25നും ഇടയിലാണ് ട്രൂ കോളര്‍ സര്‍വ്വേ നടത്തിയത്. ഇത്തരത്തില്‍ വരുന്ന ഫോണ്‍കോളുകളിലും മെസ്സേജുകളിലും 78 ശതമാനം സ്ത്രീകളും അസ്വസ്ഥരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 12 ശതമാനത്തോളം വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നും പഠനത്തില്‍ പറയുന്നു.
ശല്യം ചെയ്യുന്ന തരത്തിലുള്ള മെസ്സേജുകളെയും ഫോണ്‍കോളുകളെയും ചെറുക്കാനായി 74 ശതമാനം സ്ത്രീകളും ശ്രമിക്കാറുണ്ട്. നമ്പര്‍ ബ്ലോക്ക് ചെയ്യുക, ഡിഎന്‍ഡി ആക്ടിവേഷനായി അപേക്ഷിക്കുക, സാമൂഹിക മാധ്യമങ്ങള്‍ വഴി ഇത്തരക്കാരെ തുറന്നുകാട്ടുക, ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുക തുടങ്ങിയ വഴികളാണ് പലരും സ്വീകരിക്കുന്നത്.
എന്നാല്‍ ചിലര്‍ ഭയം കാരണം പ്രതികരിക്കാറുമില്ല. ഇത്തരത്തിലുള്ള ഫോണ്‍ വിളികള്‍ ഏറ്റവും കൂടുതലുള്ള നഗരങ്ങളുടെ പട്ടികയില്‍ തലസ്ഥാനമായ ഡല്‍ഹിയാണ് മുന്നില്‍. ഡല്‍ഹിയില്‍ താമസിക്കുന്ന 28 ശതമാനം സ്ത്രീകള്‍ക്കും ഓരോ ആഴ്ചയിലും ഇത്തരം വിളികളും സന്ദേശങ്ങളും ലഭിക്കുന്നതായി പഠനത്തില്‍ വെളിപ്പെടുത്തുന്നു.