ന്യൂഡല്‍ഹി: സഹപാഠിയുടെ വാട്ടര്‍ ബോട്ടിലില്‍ നിന്ന് വെള്ളകുടിച്ച അഞ്ചാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ ഹരീഷ് വിഹാറിലുള്ള സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. വെള്ളം കുടിച്ചശേഷം കുട്ടി ക്ലാസില്‍ ഛര്‍ദ്ദിച്ച് അവശയായി നിലത്ത് വീഴുകയായിരുന്നു.
ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വെള്ളത്തില്‍ ഏതെങ്കിലും തരത്തിലുള്ള രാസവസ്തു അടങ്ങിയിട്ടുണ്ടാകുമെന്നും ഇതായിരിക്കാം മരണകാരണമെന്നുമാണ് പോലീസിന്റെ നിഗമനം. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.
ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ക്ലാസ് മുറിയില്‍ കുട്ടി ഛര്‍ദ്ദിച്ച നിലത്തെ നിറം മാറിയത് ഫൊറന്‍സിക് വിദഗ്ധര്‍ പോലീസിന്റെ ശ്രദ്ധയില്‍പെടുത്തി. ഇതാണ് രാസപദാര്ത്ഥമാകാം മരണകാരണമെന്ന നിഗമനത്തിലേക്ക് എത്താന്‍ കാരണം. വാട്ടര്‍ ബോട്ടിലിലെ വെള്ളം വിദഗ്ധ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.