ന്യൂഡല്‍ഹി; ഭീകരാക്രമണ സാധ്യതയുള്ളതിനാല്‍ വ്യോമമേഖലയില്‍ കനത്ത ജാഗ്രതാനിര്‍ദേശം. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
എയര്‍പോര്‍ട്ട് കെട്ടിടങ്ങള്‍, വ്യോമതാവളങ്ങള്‍ തുടങ്ങിയവയ്ക്ക് 20 ഇന സുരക്ഷാമാര്‍ഗരേഖ നിര്‍ദേശിച്ചു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടേതാണ് മുന്നറിയിപ്പ്.
ഇതിന്റെ ഭാഗമായി യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കും. ടെര്മിനലുകള്ക്കുമുന്നില് പാര്‍ക്കിങ് നിരോധിക്കും. അതിനിടെ മുംബൈ രാജ്യാന്തരവിമാനത്താവളത്തില്‍ ബോംബ് ഭീഷണിയുമുണ്ട്. ഭീഷണിയെ തുടര്‍ന്ന് ടെര്‍മിനല്‍ രണ്ടില്‍ ബോംബ് സ്ക്വാഡ് തിരച്ചില്‍ നടത്തുന്നുണ്ട്.
കൂടാതെ കേരളത്തിലെ മത്സ്യ തൊഴിലാളികളൊടും ജാഗ്രതാ പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഫിഷറീസ് വകുപ്പിന്റെതാണ് നിര്‍ദേശം. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറംകടലില്‍ കണ്ടാല്‍ അറിയിക്കണം. കടല്‍ വഴിയും ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദേശം.