നാഗര്‍കോവില്‍: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കന്യാകുമാരിയിലെത്തും. തമിഴ്നാട്ടില്‍ നടപ്പാക്കുന്ന മാര്‍ത്താണ്ഡം, പാര്‍വതിപുരം മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെ 40,000 കോടി രൂപയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതിനായി ഉച്ചയ്ക്ക് 12.50 ഓടെ പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.
ഗവര്‍ണര്‍ പി സദാശിവം, മന്ത്രി കെകെ ശൈലജ എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി കന്യാകുമാരിയിലെത്തും. അഗസ്തീശ്വരം വിവേകാനന്ദ കോളേജ് മൈതാനിയിലാണ് വേദി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം എന്നിവര്‍ പങ്കെടുക്കും.
കന്യാകുമാരി ജില്ലയില്‍ കേന്ദ്രവിഹിതത്തില്‍ നിന്നു നടപ്പിലാക്കിയ വിവിധ പദ്ധതികള്‍, ചെന്നൈമധുര തേജസ് സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ എന്നിവയുടെ ഉദ്ഘാടനവും രാമേശ്വരം പാമ്പന്‍ പാലത്തിനു സമീപം പുതിയ പാലം, രാമേശ്വരത്തിനും ധനുഷ്കോടിക്കും മധ്യേ നിര്‍മ്മിക്കുന്ന റെയില്‍പാത എന്നിവയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വന്‍ സുരക്ഷാക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സുരക്ഷയ്ക്കായി 5000 പോലീസുകാരെ നിയോഗിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്തോ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തേ നിശ്ചയിച്ചിരുന്ന പരിപാടിയില്‍ മാറ്റംവരുത്തി പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയം ചുരുക്കിയിട്ടുണ്ട്.