ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്താനെതിരെ നടത്തിയ മിന്നലാക്രമണത്തില്‍ സുപ്രധാന പങ്കുവഹിച്ചവരില്‍ മലയാളി എയര്‍മാര്‍ഷലും. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശിയും പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡിലെ കമാന്‍ഡിങ് ഇന്‍ചീഫുമായ എയര്‍മാര്‍ഷര്‍ ചന്ദ്രശേഖരന് ഹരികുമാറാണ് ഇന്ത്യയുടെ വ്യോമാക്രണത്തില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി.
ഇന്ത്യ വ്യോമാക്രമണം നടത്തിയത് വ്യോമസേനയുടെ പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡിന്റെ നേതൃത്വത്തിലാണ്. ഇത് കൃത്യമായി ആസൂത്രണം ചെയ്യുന്നതിലും ഫലപ്രദമായി നടപ്പാക്കുന്നതിലും ഈ മലയാളി എയര്‍മാര്‍ഷലിന്റെ പരിചയസമ്പത്തും സുപ്രധാന ഘടകമായി.
എയര്‍മാര്‍ഷല്‍ ചന്ദ്രശേഖര്‍ ഹരികുമാര്‍ 1979-ലാണ് ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ചത്. പരമവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ അടക്കമുള്ള അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നേരത്തെ കിഴക്കന്‍ വ്യോമസേന കമാന്‍ഡിന്റെ മേധാവിയായിരുന്ന എയര്‍മാര്‍ഷല്‍ ചന്ദ്രശേഖര്‍ ഹരികുമാര്‍ നിലവില്‍ തന്ത്രപ്രധാന മേഖലകള്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ വ്യോമസേന കമാന്‍ഡിലെ എയര്‍മാര്‍ഷല്‍ കമാന്‍ഡിങ് ഇന്‍ ചീഫാണ്.
ഇന്ത്യന്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം പാക് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരേ വ്യോമാക്രമണം നടത്തിയത് പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ്. മിറാഷ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ മിന്നലാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ കണ്ട്രോള് റൂമുകളും ക്യാമ്പുകളും ഇന്ത്യന്‍ വ്യോമസേന തകര്‍ത്തിരുന്നു.