പാട്ന: ബീഹാറിലെ അഭയ കേന്ദ്രത്തില്‍ നിന്ന് ഏഴ് പെണ്‍കുട്ടികളെ കാണാതായി. പാട്നയില്‍ ഷെല്‍ട്ടര്‍ ഹോമില്‍ താമസിച്ചിരുന്ന കുട്ടികളെയാണ് പുലര്‍ച്ചെ മുതല്‍ കാണാതായത്. കാണാതായ കുട്ടികളില്‍ മുസാഫര്‍പൂര്‍ അഭയ കേന്ദ്രത്തില്‍ ബലാത്സംഗത്തിനിരയായ അഞ്ചു പേരും ഉള്‍പ്പെട്ടിട്ടുണ്ട്.
നേരത്തെ പ്രായപൂര്‍ത്തിയാവാത്ത 34 പെണ്‍കുട്ടികള്‍ മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തില്‍ വെച്ച് ലൈംഗീക പീഡനത്തിന് ഇരയായിരുന്നു. തുടര്‍ന്ന് കുട്ടികളെ പാറ്റ്നയിലെ അഭയകേന്ദ്രത്തിലെക്ക് മാറ്റുകയായിരുന്നു. പീഢനത്തിന് ഇരയായ അഞ്ച് പേര് ഉള്‍പ്പെടെ ഏഴ് പേരെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. പുലര്‍ച്ചെ 3.നും 3.30 നും ഇടയില്‍ കുട്ടികള്‍ രക്ഷപ്പെട്ടുവെന്നാണ് പോലീസിന്റെ നിഗമനം.
പാറ്റനയിലെ മോകാമയിലുള്ള ഷെല്‍ട്ടര്‍ ഹോമില്‍ നിന്നാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. ഏഴ് കുട്ടികളെ കാണാതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അവരെ കണ്ടെത്താനുള്ള പരിശ്രമം തുടങ്ങിയിട്ടുണ്ടെന്നും പാറ്റ്ന ജില്ലാ മജിസ്ട്രേറ്റ് കുമാര്‍ രവി പറഞ്ഞു.