ഗോദാവരി: പുല്‍വാമ ഭീകരാക്രമണം കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വിഷയത്തില്‍ മോഡിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നതിന് പിന്നാലെയാണ് അമിതാ ഷായുടെ പ്രതികരണം.
രാജ്യസുരക്ഷയിലുള്ള മോഡിയുടെ സമര്‍പ്പണത്തെ കോണ്‍ഗ്രസ് സംശയിക്കുന്നു.പുല്‍വാമ ഭീകരാക്രമണം കോണ്‍ഗ്രസ് രാഷ്ട്രീയ വത്കരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ദേശീയ സുരക്ഷയ്ക്കാണ് മോഡി സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. പ്രധാനമന്ത്രിയെ വിശ്വസിക്കുന്ന ആളുകള്‍ക്കിടയില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ വിലപ്പോവില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
മോഡിയുടെ പരസ്യ ചിത്രീകരണത്തെ കോണ്‍ഗ്രസ് പ്രശ്നമാക്കാന്‍ ശ്രമിക്കുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഭീകരാക്രമണം നടക്കുന്ന സമയത്ത് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചിത്രീകരണത്തിലായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും മോഡിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മോഡിയെ ന്യായീകരിച്ച് അമിത് ഷാ രംഗത്ത് വന്നിരിക്കുന്നത്.