വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതികരണവുമായി എത്തി. പുല്‍വാമയിലേത് ഭീതിജനകമായ അന്തരീക്ഷമാണെന്നും സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും വിഷയത്തില്‍ പ്രസ്താവന പുറത്തിറക്കുമെന്നും ട്രംപ് ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പാകിസ്താനും ഇന്ത്യയും സഹകരണത്തോടെ മുന്നോട്ടു നീങ്ങുകയാണെങ്കില്‍ നന്നായിരിക്കുമെന്നും ട്രംപ് പറഞ്ഞു. മുന്‍പ് ആക്രമണത്തിനു പിന്നാലെ, സ്വയം പ്രതിരോധത്തിനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണച്ച് അമേരിക്കയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്ട്ടന് രംഗത്തെത്തിയിരുന്നു.
മലയാളിയായ വിവി വസന്തകുമാര്‍ ഉള്‍പ്പെടെ 40 ജവാന്മാരാണ് ഫെബ്രുവരി പതിന്നാല് ഉച്ചയ്ക്കു ശേഷം പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പാകിസ്താന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്തിരുന്നു.