ന്യൂഡല്‍ഹി: ഇനി പാക്കിസ്താനുമായി ചര്‍ച്ചയില്ല, ഭീകരര്‍ക്ക് എതിരെ നീങ്ങാന്‍ സേനകള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അവരുടെ ധൈര്യത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. അര്‍ജന്റീന രാഷ്ട്രപതിയ്ക്കൊപ്പം ഡല്‍ഹിയില്‍ നടത്തിയ സംയുക്ത പ്രസ്താവനയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
‘പുല്‍വാമ ഭീകരാക്രമണത്തിലൂടെ ഒരു കാര്യം വ്യക്തമാവുന്നു. ചര്‍ച്ചകളുടെ സമയം അവസാനിച്ചിരിക്കുന്നു. ഇനി നടപടിയെടുക്കേണ്ട സമയമാണ്’ എന്നും മോഡി പറഞ്ഞു.
ഭീകരവാദത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ച് ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ഭീകരവാദത്തിനെതിരെ പോരാടേണ്ട സമയമാണിതെന്നും മോഡി വ്യക്തമാക്കി. ഭീകരവാദികള്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടി എടുക്കുന്നതിന് വിസമ്മതിക്കുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും മോഡി പാക്കിസ്താനെതിരെ ആഞ്ഞടിച്ചു.