ശ്രീനഗര്‍: ചാവേര്‍ മുന്നൊരുക്കങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് വിവരശേഖരണം നടത്തിയില്ലെന്നും കാശ്മീരിലുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ സുരക്ഷാവീഴ്ചയാണെന്നും ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു. വന്‍ തോതില്‍ സ്ഫോടകവസ്തുക്കളുള്ള വാഹനം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തു നിന്ന് ഭീകരവാദത്തിന്റെ ഓരോ അടയാളവും ഇല്ലാതാക്കുമെന്നും ആക്രമണത്തിനു പിന്നിലുള്ള ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ വിജയം കാണുന്നതിന്റെ നിരാശ കാരണമാണു ഭീകരാക്രമണം ഉണ്ടായതെന്നും അഫ്ഗാനില്‍ നടത്തുന്നതിനു സമാനമായ ആക്രമണമാണ് കശ്മീരില്‍ ഉണ്ടായതെന്നും കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭീകര സംഘടനകളിലേക്ക് ഒരാള്‍ പോലും പോയിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
കരസേന, സിആര്‍പിഎഫ്, ബിഎസ്എഫ്, കാശ്മീര്‍ പോലീസ് നേതൃത്വങ്ങള്‍ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്താന്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും. ഭീകരരെ പിന്തുണച്ചു സംസാരിക്കുന്നവരുടെ കണ്ണ് പുല്‍വാമ ആക്രമണം തുറപ്പിക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിനു നേരെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. 44 സിആര്‍പിഎഫ് ജവാന്മാര് ആക്രമണത്തില്‍ വീരമൃത്യു വരിച്ചു.