ശ്രീനഗര്‍: സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ വെച്ച് നടന്ന ഭീകരാക്രമണത്തില്‍ പത്ത് സൈനികര്‍ക്കു വീരമൃത്യു. പുല്‍വാമ ജില്ലയിലെ അവന്തിപൊരയ്ക്ക് അടുത്ത് ഗൊരിപൊരയില്‍ വച്ചാണ് സംഭവം. നിരവധിപേര്‍ക്കു പരുക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഉയര്‍ന്നേക്കും എന്നുമാണു സൂചന.
ജമ്മുവില്‍നിന്നു ശ്രീനഗറിലേക്കു കോണ്‍വോയ് ആയി പോയ സൈനിക വാഹനവ്യൂഹത്തിനു നേരെ ജയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയത്. വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയും പിന്നാലെ സൈനികര്‍ക്ക് നേരെ വെടിവെപ്പുണ്ടാവുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.
വെടിവയ്പിന്റെയും സ്ഫോടനത്തിന്റെയും ശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. സ്ഫോടനത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നുവെന്നാണ് വിവരം. തീവ്രവാദി സംഘടനയായ ജയ്ഷെ മൊഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.