ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ലഭിച്ച ഉപഹാരങ്ങള്‍ ലേലം ചെയ്തു. ആയിരത്തി എണ്ണൂറോളം ഉപഹാരങ്ങളുടെ ലേലനടപടികള്‍ പൂര്‍ത്തിയായി. രണ്ടാഴ്ചമുമ്പ് നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ വെച്ചാണ് ലേലം ആരംഭിച്ചത്. എന്നാല്‍ ലേലത്തില്‍ നിന്നും ലഭിച്ച തുക സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല.
മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും മോഡി തനിക്ക് സമ്മാനമായി ലഭിക്കുന്ന ഉപഹാരങ്ങള്‍ ലേലത്തില്‍ വെക്കുമായിരുന്നു. ഇതില്‍ നിന്നും ലഭിച്ചിരുന്ന തുക സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ നടന്ന ലേലത്തില്‍ നിന്നും ലഭിച്ച തുക കേന്ദ്രസര്‍ക്കാരിന്റെ ഗംഗാ ശുചീകരണ പദ്ധതിയായ ‘നമാമി ഗംഗ’യ്ക്കായാണ് ഉപയോഗിക്കുക. അയ്യായിരം രൂപ വിലയുള്ള ശിവപ്രതിമയ്ക്ക് 10 ലക്ഷവും 4000 രൂപയുടെ അശോകസ്തംഭ രൂപത്തിന് 13 ലക്ഷവും ലഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തടിയില്‍ കൊത്തിയെടുത്ത ഇരുചക്രവാഹന രൂപത്തിനും ഒരു പെയിന്റിങ്ങിനും അഞ്ചുലക്ഷം രൂപ വീതം ലഭിച്ചു. അസമില്‍നിന്ന് സമ്മാനമായി ലഭിച്ച 2000 രൂപ വിലമതിക്കുന്ന തട്ടോടുകൂടിയ പരമ്പരാഗത പൂജത്തളികയ്ക്ക് 12 ലക്ഷവും 4000 രൂപയുടെ ഗൗതമബുദ്ധ പ്രതിമയ്ക്ക് ഏഴുലക്ഷവും ലഭിച്ചു.