ന്യൂഡല്‍ഹി: ലിങ്കില്‍ ക്ലിക്ക് ചെയ്തതിനുശേഷം മൊബൈല്‍ ഫോണില്‍ ഓട്ടോമാറ്റിക്കായി ഇന്‍സ്റ്റാളായ ആപ്പ് വഴി 60,000 രൂപ നഷ്ടപ്പെട്ടതായി പരാതി. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 52കാരനായ ബിസിനസ്സുകാരനാണ് പോലീസില്‍ പരാതി നല്‍കിയത്. ഗുരുഗ്രാമിലാണ് സംഭവം.
ആദായ നികുതി വകുപ്പില്‍ നിന്നുമുള്ള അറിയിപ്പ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടന്നത്. ഫോണിലേക്ക് ആദായനികുതി റിട്ടേണുമായി ബന്ധപ്പെട്ട് ഒരു സന്ദേശം ലഭിച്ചു. തുടര്‍ന്ന് ഒരു ലിങ്കും വന്നു. എന്താണെന്ന് അറിയാനായി ലിങ്ക് ക്ലിക്ക് ചെയ്തതോടെ ഫോണിലേക്ക് ഒരു ആപ്പ് ഓട്ടോമാറ്റിക് ആയി ഇന്‍സ്റ്റാള്‍ ആയി.
ഏതാനും നിമിഷത്തിനുള്ളില്‍ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുകയായിരുന്നെന്ന് ബിസിനസുകാരനായ ഹരീഷ് ചന്ദര്‍ പരാതിയില്‍ പറയുന്നു. രണ്ട് ഇടപാടുകളില്‍ നിന്നായി 60,000 രൂപയാണ് നഷ്ടപ്പെട്ടത്. ഇതിന് മുന്‍പ് പുലര്‍ച്ചെ തന്റെ നമ്പറിലേക്ക് ഒരു ഒടിപി നമ്പര്‍ വന്നെന്നും ഇത് ഓട്ടോമാറ്റിക്കായി മറ്റൊരു നമ്പറിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതായും ഇയാള്‍ പരാതിയില്‍ വ്യക്തമാക്കുന്നു.