മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സിംഹത്തോടും പ്രതിപക്ഷ നേതാക്കളെ പട്ടികളോടും പൂച്ചകളോടും ഉപമിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ഫട്നാവിസ് ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രിയായി മോദിയെ വീണ്ടും അടുത്ത അഞ്ചുവര്‍ഷത്തേയക്ക് തെരഞ്ഞെടുത്തില്ലായെങ്കില് ഇന്ത്യ നേരിടാന്‍ പോകുന്നത് വന്‍ നഷ്ടമായിരിക്കുമെന്നും മോഡി മാത്രമാണ് ദേശീയ നേതാവെന്നും, ഫ്ടനാവിസ് പറഞ്ഞു. ഇന്ത്യയില്‍ ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം മുഴുക്കിയ കോണ്‍ഗ്രസ് നേതാക്കളുടെയും ബന്ധുക്കളുടെയും പട്ടിണി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തീര്‍ത്തും സത്യസന്ധമായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച മോഡി സര്‍ക്കാരിന്റെ ഓരോ പദ്ധതികളും ജനങ്ങളുടെയും നാടിന്റെയും വികസനത്തെ മുന്‍നിര്‍ത്തിയാണെന്നും ഫട്നാവിസ് കൂട്ടിച്ചേര്‍ത്തു. 2014ന് മുന്‍പ് രാജ്യത്തെ 50 ശതമാനം ജനങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇന്ന് പാവപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ കൈമാറുന്നതുവരെ കാര്യങ്ങള്‍ എത്തിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രാജ്യത്തിനായി നല്ലകാര്യങ്ങള്‍ ചെയത് വികസനകുതിപ്പിന് തുടക്കമിട്ട മോഡി സര്‍ക്കാര്‍ വേണമോ മുന്‍ സര്‍ക്കാരിനെ പോലെ ഒരു ദുര്‍ബല സര്‍ക്കാര്‍ വേണമോ എന്നതുസംബന്ധിച്ച തീരുമാനമാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.