ഠാക്കൂര്‍നഗര്‍: പശ്ചിമബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത റാലിക്കിടെയുള്ള തിക്കിലും തിരക്കിലും പെട്ട് സത്രീകളും കുട്ടികളുമടക്കം 16 പേര്‍ക്ക് പരിക്കേറ്റു. തിക്കും തിരക്കും ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി സ്ത്രീകള്‍ കുഴഞ്ഞുവീണുവെന്നും അവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
വേദിയിലെത്തിയ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ റാലി നടന്ന മൈതാനത്തിന് പുറത്ത് കാത്തുനിന്നവര്‍ വേദിക്കരികിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. സ്ത്രീകള്‍ക്കുവേണ്ടി ഓരുക്കിയ സ്ഥലത്തേക്ക് ജനങ്ങള്‍ കസേരകള്‍ വലിച്ചെറിയുകും തള്ളിക്കയറുകയും അവിടെ ഇരിപ്പിടം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു.
ഇതോടെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. ശാന്തരാകാന്‍ ജനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടെങ്കിലും പ്രയോജനമണ്ടായില്ല. ഇതോടെ പ്രധാനമന്ത്രി മോഡി പ്രസംഗം ചുരുക്കുകയും മറ്റൊരു റാലിയില്‍ പങ്കെടുക്കേണ്ടതിനാല്‍ വേദിയില്‍ നിന്ന് പോവുകയാണെന്ന് അറിയിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പലര്‍ക്കും അസൗകര്യം നേരിടേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി മോഡി പിന്നീട് പറഞ്ഞതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
കഴിഞ്ഞ ജൂലായ് 16ന് പശ്ചിമബംഗാളിലെ മിഡ്നാപുര് ജില്ലയില്‍ മോദി പങ്കെടുത്ത റാലിക്കിടെയും സമാനമായ സംഭവം നടന്നിരുന്നു. പ്രധാനമന്ത്രിയുടെ റാലിക്കുവേണ്ടി തയ്യാറാക്കിയ താത്കാലിക വേദി തകര്‍ന്നുവീണ് അന്ന് ഏതാനും പേര്‍ക്ക് പരിക്കേറ്റിരുന്നു.