നലോസപ്പോറ: ഉറങ്ങിക്കിടന്ന മാതാപിതാക്കളെ മകന് ക്രൂരമായി ആക്രമിച്ചു. മാതാപിതാക്കള്‍ സ്വാതന്ത്രം നല്‍കാത്തതില്‍ പ്രകോപിതനായാണ് 20 കാരന് ഇവരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും കത്തിയും സ്ക്രൂ ഡ്രൈവറും ഉപയോഗിച്ചും ക്രൂരമായ ആക്രമണത്തിന് ഇരയാക്കിയത്. ജാന്‍മേഷ് പവാര്‍ എന്ന യുവാവാണ് അച്ഛന് നരേന്ദ്ര(55)നെയും അമ്മ നര്മ്മതയെയും (50) ക്രൂരമായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
മഹാരാഷ്ട്രയിലെ നലാസൊപാര എന്ന സ്ഥലത്ത് പുലര്‍ച്ചെ ഏകദേശം 4 മണിയോട് കൂടിയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന അച്ഛനെയാണ് ജാന്‍മേഷ് ആദ്യം ആക്രമിച്ചത്. കത്തികൊണ്ട് കുത്തേറ്റ അച്ഛന്റെ കരച്ചില് കേട്ട് ഉണര്‍ന്ന അമ്മ നര്‍മ്മത ജാന്‍മേഷിനെ തടുക്കാന്‍ ശ്രമിക്കവെ ഇവരെ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. ശേഷം സ്ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ഇരുവരെയും ആക്രമിച്ച ശേഷം തുണി അടക്കമുള്ള സാധനങ്ങള്‍ ബാഗിലാക്കി ജാന്‍മേഷ് രക്ഷപ്പെട്ടു. നര്‍മ്മതയുടെയും നരേന്ദ്രന്റെയും കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ്. തുടര്‍ന്ന് നലോസപ്പോറ പോലീസിനെ വിവരമറിച്ചു. സംഭവ സ്ഥലത്തെത്തിയ പോലീസാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
നാലസോപ്പറയിലേക്ക് കുടുംബം രണ്ടാഴ്ച മുമ്പാണ് താമസം മാറിയത്. ബികോം അവസാന വര്‍ഷവിദ്യാര്‍ത്ഥിയാണ് ജാന്‍മേഷ്. കൂടാതെ പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്നുമുണ്ട്. ആളുകളോട് സംസാരിക്കാത്ത നാണം കുണുങ്ങിയായ യുവാവെന്നും നല്ല സ്വഭാവത്തിനുടമ ആണെന്നുമാണ് ജാന്മേഷിനെക്കുറിച്ച് പഴയ അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞത്.
എന്നാല്‍ മാതാപിതാക്കള്‍ സ്വാതന്ത്ര്യം നല്‍കാത്തതാണ് യുവാവിനെ അക്രമകാരിയാക്കിയതിന് പിന്നിലെന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ പോലും ജാന്‍മേഷിനെ മാതാപിതാക്കള്‍ അനുവദിച്ചിരുന്നില്ല. പാര്‍ട്ട് ടൈം ആയി ജോലിനോക്കുന്നതിനോടും മാതാപിതാക്കള്‍ക്ക് യോജിപ്പില്ലായിരുന്നു. ഒളിവില്‍ പോയ ഇയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.