ലഖ്നൗ: ആത്മീയ പാഠങ്ങള്‍ പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ക്ഷേത്ര ദര്‍ശനത്തിനായി എത്തിയ ഭക്തയെ ബലാത്സംഗം ചെയ്ത കേസില്‍ പുരോഹിതന് പോലീസ് പിടിയില്‍. അയോധ്യയിലാണ് സംഭവം. മുതിര്‍ന്ന പുരോഹിതന്മാരിലൊരാളായ കൃഷ്ണ കണ്ഠാചാര്യ എന്നയാളാണ് സംഭവത്തില്‍ പിടിയിലായത്.
വരാണസിയില്‍ നിന്നും ക്ഷേത്ര ദര്‍ശനത്തിനായി എത്തിയ മുപ്പത് വയസ്സുള്ള യുവതിയാണ് പീഢനത്തിന് ഇരയായത്. ആത്മീയ പാഠങ്ങള്‍ പഠിപ്പിക്കാമെന്ന പേരില്‍ പുരോഹിതന് യുവതിയെ ക്ഷേത്രത്തിന് കീഴിലുള്ള സ്ഥലത്ത് കൊണ്ടു പോയി പാര്‍പ്പിച്ചു. ചതി മനസ്സിലാക്കിയ യുവതി തിരിച്ച് പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ തടഞ്ഞു വെയ്ക്കുകയായിരുന്നു.
യുവതി വിവരമറിയിച്ചതിന് പിന്നാലെ പോലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. തന്നെ ബന്ധിയാക്കിവെച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്ന് യുവതി പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തെന്നും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെന്നും പോലീസ് അറിയിച്ചു.