കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഓടിക്കൊണ്ടിരിക്കുന്ന മെട്രോയില്‍ തീപിടിച്ചു. അപ്രതീക്ഷിതമായി തീപടര്‍ന്നതിനെ തുടര്‍ന്നുണ്ടായ പുകശ്വസിച്ച് 16 ഓളം യാത്രികര്‍ കുഴഞ്ഞുവീണു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. തീപിടുത്തമുണ്ടായതിനെതുടര്ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരാളുടെ കാലിനും പരിക്കേറ്റു.
ശീതീകരിച്ച ട്രെയ്നിന്റെ ആദ്യത്തെ കമ്പാര്‍ട്ട്മെന്റിനാണ് തീപിടിച്ചത്. ടണല്‍ കടക്കുന്നതിനിടെ ട്രെയ്നില്‍ അപ്രതീക്ഷിതമായി പുക നിറയാന്‍ തുടങ്ങിയതോടെയാണ് യാത്രക്കാര്‍ തീപിടുത്തം ശ്രദ്ധിക്കുന്നത്. സംഭവം അറിഞ്ഞ് മോട്ടോര്മാന് ടണലിന്റെ മധ്യത്തിലായി ട്രെയിന്‍ നിര്‍ത്തി. അപ്പോഴേക്കും ട്രെയ്നില്‍ കറുത്ത പുക നിറഞ്ഞിരുന്നു.
ചുറ്റും പുക നിറഞ്ഞതോടെ യാത്രക്കാര്‍ക്ക് പരസ്പരം കാണാനും ശുദ്ധവായു ശ്വസിക്കാന്‍ പോലും കഴിയാത്ത അവസ്ഥയായി. തുടര്‍ന്ന് ശ്വാസം കിട്ടാതെ വന്നതോടെ ആളുകള്‍ ട്രെയ്നില്‍ നിന്ന് പുറത്ത് കടക്കാന്‍ തിരക്കുകൂട്ടുകയായിരുന്നു. ചില യാത്രികര്‍ ശുദ്ധവായു കടക്കുന്നതിന് വേണ്ടി ജനല്‍ ചില്ലുകള്‍ അടിച്ചു പൊളിച്ചു. ജനലിലൂടെ ചാടി രക്ഷപ്പെടാനായി ശ്രമിച്ച ആളുടെ കാല് ഒടിഞ്ഞു. കഷ്ടപ്പെട്ട് മുന്‍വശത്തുള്ള എമര്‍ജന്‍സി ഡോറിലൂടെ ഇറങ്ങിയ യാത്രക്കാര്‍ ടണലിലൂടെ ഓടി രക്ഷപ്പെട്ടു.
പശ്ചിമ ബംഗാള്‍ അഗ്നിശമന സേനയും കൊല്‍ക്കത്ത പോലിസ് ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്ത് എത്തി സ്ഥിതി ഗതികള്‍ നിയന്ത്രിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.